ലോകചാമ്പ്യന്മാരായ ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് അർജന്റീന മാധ്യമങ്ങൾ വീണ്ടും സ്ഥിരീകരിച്ചു.
ലോകകപ്പ് വിജയികളായ ടീമിനെ കാണാൻ ഒരുക്കങ്ങളുമായി മുന്നേറുന്ന മലയാളി ആരാധകർക്ക് വലിയ നിരാശയാണിത്.
അർജന്റീനയിലെ പ്രശസ്ത ദിനപത്രമായ ദ നേഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇന്ത്യ കരാറിലെ ചില വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ (AFA) മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി വ്യക്തമാക്കുന്നു.
“നവംബറിൽ മത്സരം നടത്താൻ എല്ലാ ശ്രമങ്ങളും നടന്നിരുന്നു. മത്സര വേദിയും ഹോട്ടലുകളും പരിശോധിക്കാൻ അസോസിയേഷൻ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. എന്നാൽ കരാറിലെ ചില വ്യവസ്ഥകൾ ഇന്ത്യ പാലിച്ചില്ല,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതനുസരിച്ച്, മത്സരം 2026 മാർച്ച് 28-ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഫൈനലിസിമയ്ക്കുശേഷം ഇന്ത്യയിൽ സംഘടിപ്പിക്കാനാണ് പരിഗണിക്കുന്നത്.